Skip to main content

Posts

Showing posts from 2019

കൊന്നപ്പൂക്കൾ

കത്തുന്ന വെയിലത്തീ കൊന്ന മരച്ചോട്ടിൽ സല്ലപിച്ചിരിപ്പുണ്ട് ഞാനുമെൻ കൊന്നപ്പൂക്കളും ...! ചുടു കാറ്റിൽ വാടാതെ ചിരി തൂകി നിൽക്കുമീ കൊന്നപ്പൂ വൊ,രെണ്ണം പതുക്കെ കയ്യിലേന്തി,കാതിൽ ചോദിച്ചു ഞാൻ:" എന്തു നിൻ രഹസ്യം? എവിടുന്നീ സമൃദ്ധി? !!" ഒന്നിതളിളക്കി,പ്പതുക്കെ കൊന്നപ്പൂ മൊഴിഞ്ഞു: "കൊന്നു ഞാനെന്റ,ഹന്തയെ കൊന്നപ്പോൾ, കൊന്നപ്പൂവായി അതിൽപ്പിന്നെ, ചുടു കാറ്റ്‌ കുളിർക്കാറ്റായി വെയില് കുളിരായി പൊള്ളുന്ന നോവുകൾ മിന്നുന്ന നക്ഷത്രങ്ങളായി!" ഇതൾ നെറ്റിയിൽ ഒരു മുത്തം കൂടിക്കൊടുക്കാൻ കൊന്നപ്പൂ ഞാനെൻ ചുണ്ടോടടുപ്പിക്കവേ ചിരി തൂകിയെൻ കാതിലിതു കൂടി മൊഴിഞ്ഞു : " അകമേ നിറഞ്ഞു വിങ്ങും അഹന്തയെ കൊല്ലുകിൽ നോവിന്റെ വെയിലും ചൂടും ഭ്രാന്തമായി വാരിപ്പുണരുകിൽ, നിനക്കുമൊരു കൊന്ന മരമാകാം കൊടും ചൂടിലും തളിരിടാം, തണലായിപ്പരക്കാം പൂവായി നിറയാം നറുമണം പരത്താം ചുറ്റും"! =================== ഡോ.അബു നാദാപുരം